
കിടങ്ങൂര്‍: നിയന്ത്രണം വിട്ട ടാറ്റാ സുമോ ആറ്റിലേക്ക് മറിഞ്ഞ് വഴിയാത്രക്കാരുള്‍പ്പെടെ ആറു പേര്‍ മരിച്ചു. ഡ്രൈവര്‍ അടക്കം മൂന്നു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നു പുലര്‍ച്ചെ അഞ്ചരയോടെ കിടങ്ങൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപമുള്ള പാലത്തില്‍ നിന്നുമാണ് അമ്മയെ വിദേശത്തേക്കു യാത്രയാക്കിയ മക്കളടക്കം സഞ്ചരിച്ചിരുന്ന സുമോ വഴിയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ച് ആറ്റിലേക്ക് മറിഞ്ഞത്.
കിടങ്ങൂര്‍ സൌത്ത് ഉള്ളാട്ടില്‍ സി.വി. ജയിംസിന്‍റെ ഭാര്യ സുജയെ ഇറ്റലിയിലേക്ക് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നു യാത്രയാക്കി മടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. സുജയുടെ മക്കളായ കിടങ്ങൂര്‍ സെന്റ് മേരീസ് സ്കൂള്‍ വിദ്യാര്‍ഥി സുബിന്‍ (16), അനു (11), ജയിംസിന്‍റെ സഹോദരന്‍ ജോമോന്റെ മകള്‍ അയോണ (മൂന്ന് വയസ്), ജയിംസിന്‍റെ സഹോദരി പാലക്കാട് മംഗലംഡാം ചിറ്റടി ആയാംകുടിയില്‍ മേരി (58), കാല്‍നടയാത്രക്കാരായ കിടങ്ങൂര്‍ സൌത്ത് ചേനത്താഴത്ത് മത്തായി (42), കിടങ്ങൂര്‍ സൌത്ത പഴയപുരയ്ക്കല്‍ മഹേഷ് (33) എന്നിവരാണ് മരിച്ചത്. കാല്‍നടക്കാരനായിരുന്ന മത്തായി കുമരകത്ത് നിന്ന് കിടങ്ങൂര്‍ താമസം ആക്കിയതാണ്.
ജയിംസ്, ഡ്രൈവര്‍ ഉഴവൂര്‍ തെരുവക്കാട്ടില്‍ ലിലീഷ് (35), ജയിംസിന്‍റെ സഹോദരന്‍ ജോമോന്‍റെ മകന്‍ ജോണ്‍ലി എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. നിയന്ത്രണം വിട്ട വാഹനം വഴിയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ച ശേഷം ആറ്റിലേക്കു മറിയുകയായിരുന്നു. അമിതവേഗതയും ഡ്രൈവര്‍ ഉറങ്ങിയതുമാണ് അപകട കാരണമെന്നു സൂചനയുണ്ട്. അതേസമയം, എതിരേ വന്ന വാഹനത്തിന്‍റെ ലൈറ്റ് ഡിം ചെയ്യാതിരുന്നതിനാല്‍ സുമോയുടെ നിയന്ത്രണം വിടുകയായിരുന്നുവെന്ന് ഡ്രൈവര്‍ പറഞ്ഞു.അപകടവിവരമറിഞ്ഞെത്തിയ നാട്ടുകാരും ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.കൊച്ചുകുന്നു ആശുപത്രിയില്‍ വച്ച് മരണം സ്ഥിധീകരിച്ചതിനു ശേഷം മൃദദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
രണ്ടു മൃതദേഹങ്ങള്‍ ഒരു കിലോമീറ്ററോളം താഴെയുള്ള ചെക്കുഡാമില്‍ നിന്നുമാണ് കണ്ടെടുത്തത്. സംഭവത്തെ തുടര്‍ന്ന് കുവൈറ്റ് വഴി ഇറ്റലിയിലേക്ക് പോയ സുജയെ തിരികെ വിളിക്കുന്നതിന് എംബസി അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. ജില്ലാ പോലീസ് സൂപ്രണ്ട് പി.ജി. അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. കെ.എം മാണി, മോന്‍സ് ജോസഫ് എന്നിവര്‍ അപകടവിവരമറിഞ്ഞയുടനെ സംഭവ സ്ഥലത്തെത്തിയിരുന്നു




